മങ്കൊമ്പ് : സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ സമിതി റെജി ചെറിയാൻ എംഎൽഎയ്ക്കു നിവേദനം നൽകി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചതുപോലെ നെല്ലുവില കിലോഗ്രാമിന് 35 രൂപയായി വർധിപ്പിക്കുക, നെല്ലു സംഭരണത്തിനായി പ്രത്യേക റിവോൾവിംഗ് ഫണ്ട് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.
പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ പഠനച്ചെലവിനായി പണം കണ്ടെത്താൻ കർഷകർ നെട്ടോട്ടമോടുകയാണ്. രണ്ടാം കൃഷി ആരംഭിക്കുന്നതിനും പണം കണ്ടെത്തേണ്ടതുണ്ട്.
കുട്ടനാട്ടിൽ നിന്നു മാത്രം നെല്ലുവില 231. 42 കോടി രൂപ ഇനിയും കർഷകർക്കു കൊടുത്തുതീർക്കാനുണ്ടെന്നും നിവേദനത്തിൽ പറയുന്നു. സമിതി നേതാക്കളായ സോണിച്ചൻ പുളിങ്കുന്ന്, പി. വേലായുധൻ നായർ, പി.ആർ. സതീശൻ, ജോസ് കാവനാട്, കെ.ബി. മോഹനൻ, ഇ.ആർ. രാധാകൃഷ്ണപിള്ള, സന്തോഷ് പറമ്പിശേരി തുടങ്ങിയവരാണ് നിവേദനം നൽകിയത്.